മുതുകുറുശ്ശി ശ്രീ കിരാതമൂർത്തി മഹാവിഷ്ണു ക്ഷേത്രത്തില്‍ തന്ത്രിവര്യന്റെ നിർദ്ദേശ പ്രകാരം 2020 ജനുവരിയിൽ (30.01.2020) മൂന്നു ദിവസമായി ദേവപ്രശ്നം നടന്നു.അതില്‍ തെളിഞ്ഞ പരിഹാരക്രിയകൾ ആയ ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങളും, കലശവും, കോവിഡ് 19 എന്ന മഹാമാരി കാരണം നിശ്ചിത സമയത്തു ചെയ്യാൻ കഴിഞ്ഞില്ല. അതിനു പരിഹാര മാർഗം എന്നവണ്ണം തന്ത്രി പറഞ്ഞ പ്രകാരം 2022 ഫെബ്രുവരിയിൽ (19.02.2022) താംബൂല പ്രശ്നം വെക്കുകയും അതുപ്രകാരം ദേവപ്രശ്‌നത്തിലും താംബൂല പ്രശ്നത്തിലും തെളിഞ്ഞ കാര്യങ്ങൾ ഭക്തജനകൂട്ടായ്മയിലൂടെ പൂർത്തിയാക്കി ദേവ/താംബൂല പ്രശ്‌നചാര്‍ത്തിൽ നിഷ്‌കര്‍ഷിച്ച പ്രകാരം നവീകരണകലശം ഈ വരുന്ന 2024 ഏപ്രിൽ 16 മുതൽ 24 വരെ ഒമ്പതു ദിവസം നീളുന്ന ചടങ്ങ്, ക്ഷേത്രം തന്ത്രി ബ്രഹ്മപദം പൂകിയ പരമാചാര്യൻ, തന്ത്രരത്നം ബ്രഹ്മശ്രീ അഴകത്ത് ശാസ്ത്രശർമ്മൻ നമ്പൂതിരിപ്പാടിന്റെ ശിഷ്യനും പിൻഗാമിയുമായ തന്ത്രി ബ്രഹ്മശ്രീ അഴകത്ത് പരമേശ്വരൻ (പ്രകാശൻ) നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടുന്നു . 16.4.24 ന് വൈകിട്ട് 5 മണിക്ക് ഒലവക്കോട്, അകത്തേത്തറ ശിവാനന്ദാശ്രമം മഠാധിപതിയുടെ അനുഗ്രഹ പ്രഭാഷണത്തോടെ ഈ ചടങ്ങുകൾക്ക് തുടക്കം കുറിക്കുന്നു. 2024 ഏപ്രിൽ 17 ന് ശ്രീഭദ്രകാളി ദേവിയുടെ വിഗ്രഹം സാംസ്കാരിക ഘോഷയാത്രയോടെ വരവേൽപ്പ്, സാംസ്കാരിക സമ്മേളനം എന്നിവയും, 2024 ഏപ്രിൽ 21 ന് ശ്രീഭദ്രകാളി പ്രതിഷ്ഠ, കലശപൂജ തുടങ്ങിയവയും , തുടർന്നുളള ദിവസങ്ങളിൽ നവീകരണകലശപൂജകൾ, ഓട്ടൻതുള്ളൽ, ചാക്യാർ കൂത്ത്, നൃത്തനൃത്യങ്ങൾ, അനുമോദനസദസ്സ് , പഞ്ചാരിമേളം, വിവിധങ്ങളായ പരിപാടികളോടെ 2024 ഏപ്രിൽ 24 ന് നവീകരണ കലശം അവസാനിക്കുന്നു.
എന്താണ് നവീകരണകലശം ?
നവീകരണകലശം എന്നാൽ ക്ഷേത്ര നവീകരണത്തിന് ആണ് പ്രധാനം . ഈ സമയത്ത് പഴയ ബിംബം മാറ്റി പുതിയ ബിംബം പ്രതിഷ്ഠിക്കാവുന്നതാണ്. അങ്ങനെ വരുമ്പോൾ അതിനെ അഷ്ടബന്ധ നവീകരണകലശം എന്ന് പറയും . എല്ലാ ക്ഷേത്രങ്ങളിലും പന്ത്രണ്ട് വര്‍ഷം കൂടുമ്പോഴെങ്കിലും നടക്കേണ്ട താന്ത്രികക്രിയകളിൽ ഒന്നാണ് ഈ കലശങ്ങൾ . കലശങ്ങളെല്ലാം തന്നെ ചൈതന്യ വർധകങ്ങളായ ക്രിയകളാണ്. ദേവന് ചൈതന്യ ക്ഷതമില്ലെങ്കിലും, ആദിത്യ ബിംബം മഴക്കാറ് മൂടുമ്പോൾ മങ്ങുന്നത് പോലെ, പൂജാദി കാര്യങ്ങളിൽ ഉണ്ടാകുന്ന ലോപം കൊണ്ട് ബിംബചൈതന്യ ക്ഷതം സംഭവിക്കാവുന്നതാണ്. ആ ന്യൂനതകൾ തീർത്ത് ബിംബചൈതന്യം വർധിപ്പിക്കുകയാണ് കലശത്തിന്റെ ലക്ഷ്യം . ഇനി പഴയ ബിംബം മാറ്റി പുതിയ ബിംബം പ്രതിഷ്ഠിക്കേണ്ടതായി വരുമ്പോൾ പുതിയ ബിംബത്തിന്റെ ക്രിയകൾ കൂടുമെന്നേ നവീകരണ ക്രിയകളിൽ നിന്നും വ്യത്യാസമുള്ളൂ . അതായത് 'അഷ്ടബന്ധം' ജീർണമാകുന്ന അവസ്ഥയിൽ മാറ്റി പ്രതിഷ്ഠിക്കുന്നതിനെ ഇതിനു ജീർണ്ണോദ്ധാരണം എന്ന് പേര് പറയും . ഇനി പുതിയതായി ക്ഷേത്രം നിർമ്മിക്കുമ്പോൾ ഉചിതമായ സ്ഥലത്ത് വാസ്തുബലി മുതലായ കർമ്മങ്ങൾ ചെയ്ത്, ആധാരശില മുതലായ ഷഡാധാരങ്ങൾ പ്രതിഷ്ഠിച്ച് പുതിയ ബിംബം പ്രതിഷ്ഠിക്കാവുന്നതാണ്. മറ്റു ക്രിയകൾ എല്ലാം ജീർണ്ണോദ്ധാരണ ക്രിയകൾപോലെ തന്നെയാണ് വരുക. താന്ത്രിക വിദ്യാപ്രകാരം തന്ത്രി (ദേവന്റെ അഥവാ ദേവതയുടെ പിതൃസ്ഥാനം ആണ്) അഷ്ടബന്ധകലശത്തിന്റെ മുഴുവൻ ക്രിയകളും ചെയ്തു കഴിഞ്ഞാൽ വിഗ്രഹം പീഠത്തിൽ ഉലയാതെ ഇരിക്കുകയും ദേവന്റെ ചൈതന്യം പതിന്മടങ്ങ് വർദ്ധിച്ചിരിക്കുകയും ചെയ്യും.
Know More >>Developed by PROACT Management. All rights reserved.