ഉമാമഹേശ്വര മഹാവിഷ്ണു കടാക്ഷമേറ്റു ധന്യമാകുന്ന ദേശമാണ് പാലക്കാട് ജില്ലയിലെ മുതുകുറുശ്ശി.വള്ളുവനാട്ടിലെ തന്നെ പ്രശസ്തമായ ശ്രീ കിരാതമൂര്‍ത്തി ക്ഷേത്രത്തിന് ആയിരത്തില്‍പരം വര്‍ഷങ്ങളുടെ പഴക്കം പറയപ്പെടുന്നു.പരശുരാമന്‍റെ പദയാത്രയാല്‍ പരിശുദ്ധമായതോ പരശുരാമനാല്‍ പൂജിക്കപ്പെട്ടതോ അതോ പ്രതിഷ്ടിക്കപ്പെട്ടതോ ആയ ഒരു ഐതിഹ്യം ക്ഷേത്രത്തിനെ പ്രതിപാദിച്ച് നടത്തിയ ദേവപ്രശ്നത്തില്‍ തെളിഞ്ഞു കണ്ടിരുന്നു. ആയതിനാല്‍ വളരെ ധന്യമായ ദേവദേവീ സാന്നിധ്യം ശിവശക്തി ദര്‍ശനം ഇവിടത്തെ പ്രത്യേകതയാണ്.

സാംസ്കാരിക പൈതൃകത്താലും പാരമ്പര്യ സംസ്കൃതിയാലും കേരളത്തിന് ഒരു അലങ്കാരമായി ഇന്നും നില കൊള്ളുന്ന വള്ളുവനാട്ടിലെ പാലക്കാട് ജില്ലയില്‍ മണ്ണാര്‍ക്കാട് താലൂക്കില്‍ തച്ചമ്പാറ പഞ്ചായത്തിലെ മുതുകുറുശ്ശിയിൽ ആണ് ദ്രുതവരദനായ ശ്രീകിരാതമൂർത്തി, പാര്‍വ്വതിദേവി സമേതനായി ആശ്രിതരക്ഷകനായ ശ്രീ മഹാവിഷ്ണുവിനോടൊപ്പം അമരുന്നത്. പാലക്കാട് - കോഴിക്കോട് ദേശീയപാതയില്‍ തച്ചമ്പാറയില്‍ ഇറങ്ങി 4-5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഈ ക്ഷേത്രത്തില്‍ എത്താം.

ശാന്ത സുന്ദരമായ ഭൂഭംഗിയോടും, പാലക്കാടിന്‍റെ സവിശേഷമായ കാലാവസ്ഥയോടും കൂടി, കാഞ്ഞിരപ്പുഴയുടെ മടിത്തട്ടില്‍ രൂപപ്പെട്ടു കിടക്കുന്ന ഗ്രാമ പ്രദേശമാണ് മുതുകുറുശ്ശി. ഇത് കാഞ്ഞിരപ്പുഴ ജലസേചനപദ്ധതിയുടെ പരിധിയില്‍ അണക്കെട്ടിനോട് വളരെ അടുത്ത് കിടക്കുന്ന പ്രദേശമാണ്. ജനങ്ങളില്‍ ഭൂരിഭാഗവും കൃഷി ഉപജീവന മാര്‍ഗ്ഗമായീ സ്വീകരിച്ചവരാണ്. എല്ലാവിധ മത വിഭാഗത്തില്‍പെടുന്ന ജനങ്ങള്‍, മതമൈത്രിയോടെ താമസിക്കുന്ന ഒരു പ്രദേശം കൂടിയാണ്. കാർഷിക മേഖലയായതുകൊണ്ടും കുടിയേറ്റ കർഷകർ ഉള്ളത് കൊണ്ടും കൂടുതലും നാണ്യവിളകളായ റബ്ബർ, തെങ്ങ് മുതലായവ കൃഷി ചെയ്യുന്നു.

Know More >>

ക്ഷേത്ര ഊരാണ്മ
മുതുകുറുശ്ശി ശ്രീ കിരാതമൂർത്തി-ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൻ്റെ ഊരാണ്മാവകാശം കാലാകാലങ്ങളിലായി പുലാപ്പറ്റ കുതിരവട്ടം സ്വരൂപം തമ്പാൻമാരിൽ നിക്ഷിപ്തമാണ്. സുമാർ പതിനാലോ പതിനഞ്ചോ നൂറ്റാണ്ടുകളിൽ ഉദയം കൊണ്ടതാണ് കുതിരവട്ടം സ്വരൂപമെന്ന് ചരിത്രം പറയുന്നു. കൃത്യമായി രേഖപ്പെടുത്തപ്പെടാത്തത് കാരണം കുറേ പഴമകൾ വിസ്മൃതിയിലായി. വർഷം ആയിരത്തി എണ്ണൂറിൻ്റെ രണ്ടാംപകുതിയിൽ ശക്തൻ തമ്പുരാൻ എന്നറിയപ്പെട്ടിരുന്നവർ ഈ ക്ഷേത്രത്തോട് ചേർന്നുണ്ടായിരുന്ന അരമനയിൽ പലപ്പോഴായി താമസിച്ചിരുന്നു. സ്വരൂപത്തിൻ്റെ തുല്യ പ്രാധാന്യമുള്ള പരദേവതകളാണ് തിരുവളയനാട്ട് ഭഗവതിയും കിരാതമൂർത്തിയും. തൻ്റെ പരദേവതയോടുള്ള പരമഭക്തി കാരണം കിരാതം കഥകളി സ്വരൂപത്തിന് സ്വന്തമായി ചിട്ടപ്പെടുത്തുകയുണ്ടായി. അതിൽ കിരാതന് ഇന്നത്തേപ്പോലെ, "മുടി" യല്ല, കിരീടം തന്നെയായിരുന്നു! ഈ കിരാതം കഥ ഇന്ന് കിട്ടാനില്ല. എന്നാൽ ഈ കഥകളിയിലെ ചില രംഗങ്ങളാണത്രെ ഇപ്പോഴും ക്ഷേത്രത്തിൻ്റെ മുഖപ്പ് ഭാഗത്ത് സീലിങ്ങിൽ സ്ഥാപിച്ചിട്ടുള്ളത്. ആരാധനാലയത്തിനു പുറമേ കൃഷി വികസനത്തിന് തങ്ങളുടെ പരിമിതിയിൽ നിന്നുകൊണ്ട് ഒരു ജലസേചന പദ്ധതി അനുബന്ധ തോടുകളോടെ സ്വരൂപം മുതുകുറുശ്ശിയില്‍ നിർമ്മിച്ചിരുന്നു. എന്നാൽ കാഞ്ഞിരപ്പുഴ പദ്ധതി വന്നതോടെ ഇത് അപ്രസക്തമാവുകയാണുണ്ടായത്.

വാക്കോടൻ മലയ്ക്ക് സുമാർ താഴെയായി ഏക്കർ കണക്കിന് ഭൂമി ക്ഷേത്ര ഭൂസ്വത്തായി ഉണ്ടായിരുന്നു. അതിൻ്റെയെല്ലാം ഉടമസ്ഥാവകാശം തലമുറകളായി പുലാപ്പറ്റ തമ്പാൻമാർക്കാണ്. എന്നാൽ കാലക്രമേണ ഇതെല്ലാം അന്യാധീനപ്പെട്ടു പോവുകയും ഭൂപരിഷ്കരണ നിയമം വന്നതോടെ അതിനെല്ലാം നിയമസാധുത ലഭ്യമാവുകയും ചെയ്തു. തുടർന്ന് ക്ഷേത്രഭരണം പ്രതിസന്ധിയിലായപ്പോൾ ഏകദേശം അരനൂറ്റാണ് മുമ്പ് ക്ഷേത്ര നടത്തിപ്പ് ജനകീയ കമ്മിറ്റിക്ക് കൈമാറി. എങ്കിലും ഇപ്പോഴും ക്ഷേത്രത്തിലെ എല്ലാ പ്രധാന വിശേഷാവസരങ്ങളിലും ഊരാളന്മാരുടെ സാന്നിധ്യം ലഭ്യമാക്കാറുണ്ട്. ക്ഷേത്രത്തിൻ്റെ സർവ്വതോന്മുഖമായ വികസന പ്രവർത്തനങ്ങളിൽ കുതിരവട്ടം സ്വരൂപത്തിൻ്റെ നിർദ്ദേശങ്ങൾ ഭരണസമിതിക്ക് വഴികാട്ടിയാണ്. ശിവരാത്രി മഹോത്സവം, താന്ത്രിക പൂജകൾ, വാർഷിക പൊതുയോഗങ്ങൾ തുടങ്ങി എല്ലാ സുപ്രധാന വേളകളിലും അവരുടെ സാന്നിധ്യം ഉറപ്പുവരുത്താറുമുണ്ട്. ഈ ക്ഷേത്രമടക്കം നിരവധി ക്ഷേത്രങ്ങൾ വിവിധ സ്ഥലങ്ങളിൽ ഇന്നും ഇവരുടെ ഊരാണ്മയിലേതായിട്ടുണ്ട്.

Thanthri താന്ത്രിക കുലപതി ബ്രഹ്മശ്രീ അഴകത്ത് ശാസ്ത്രശർമ്മൻ നമ്പുതിരിപ്പാട്‌ (1950 -2023)

മുതുകുറുശ്ശി ശ്രീ കിരാതമൂർത്തി - ശ്രീ മഹാവിഷ്‌ണു ക്ഷേത്രത്തിലെ തന്ത്രി താന്ത്രിക കുലപതി ബ്രഹ്മശ്രീ അഴകത്ത് ശാസ്ത്രശർമ്മൻ നമ്പുതിരിപ്പാട്‌ ആണ്. അദ്ദേഹം MAY 31,2023 നു ബ്രഹ്മപദം പൂകി. ഇപ്പോഴത്തെ തന്ത്രി ബ്രഹ്മപദം പൂകിയ പരമാചാര്യൻ, തന്ത്രരത്നം ബ്രഹ്മശ്രീ അഴകത്ത് ശാസ്ത്രശർമ്മൻ നമ്പൂതിരിപ്പാടിന്റെ ശിഷ്യനും പിൻഗാമിയുമായ തന്ത്രി ബ്രഹ്മശ്രീ അഴകത്ത് പരമേശ്വരൻ (പ്രകാശൻ) നമ്പൂതിരിപ്പാട് ആണ്. താന്ത്രിക കുലപതി ബ്രഹ്മശ്രീ അഴകത്ത് ശാസ്ത്രശർമ്മൻ നമ്പുതിരിപ്പാട്‌ പട്ടാമ്പിയിലെ അഴകത്ത് മനക്കൽ അഷ്ടമൂര്‍ത്തി നമ്പൂതിരിപ്പാടിന്റെയും ശ്രീദേവി അന്തര്‍ജനത്തിന്റെയും ഏഴ് മക്കളില്‍ നാലാമത്തെ മകനായി 1950-ലാണ് ജനനം (1950-2023).

1972ല്‍ ആരംഭിച്ച ആലുവയിലെ തന്ത്ര വിദ്യാപീഠം നടത്തിയ താന്ത്രിക് പഠന കോഴ്‌സിലെ ആദ്യ ബാച്ചിലെ വിദ്യാര്‍ത്ഥിയായിരുന്നു അദ്ദേഹം. തുടര്‍ന്ന് അവിടെത്തന്നെ അധ്യാപകനായി. പിന്നീട് തുടര്‍ച്ചയായി ആലുവ തന്ത്രവിദ്യാ പീഠത്തിന്റെ അദ്ധ്യക്ഷന്‍ ആയി തന്ത്രരത്‌നം അഴകത്ത് ശാസ്ത്രശർമ്മൻ നമ്പൂതിരിപ്പാട് . സംസ്‌കൃതം, തന്ത്രം, വേദങ്ങള്‍ എന്നിവയില്‍ അഗാധമായ പ്രാവീണ്യം നേടിയിട്ടുണ്ട്. കാഞ്ചി കാമകോടി പീഠത്തില്‍ നിന്ന് സ്‌കോളര്‍ഷിപ്പ് ലഭിച്ച ആദ്യ വിദ്യാര്‍ത്ഥിയാണ് അദ്ദേഹം. താന്ത്രിക, ക്ഷേത്രാരാധനാ കര്‍മ്മങ്ങള്‍ ബ്രാഹ്മണരില്‍ മാത്രം നിക്ഷിപ്തമായ കാലത്ത് ആ സമ്പ്രദായത്തെ ചോദ്യം ചെയ്ത പി മാധവജിയുടെ പ്രിയ ശിഷ്യനാണ് തന്ത്രരത്‌നം അഴകത്ത് ശാസ്ത്രശർമ്മൻ നമ്പുതിരിപ്പാട്‌. ബ്രാഹ്മണ്യം കര്‍മ്മസിദ്ധമെന്ന പ്രഖ്യാപനം നടത്തിയ പാലിയം വിളംബരത്തിന് മുന്നേ തന്നെ അഴകത്ത് ശാസ്ത്രശർമ്മൻ നമ്പുതിരിപ്പാട്‌ ഈ പാതയിലായിരുന്നു. അബ്രാഹ്മണരെ പൂജാവിധികള്‍ പഠിപ്പിക്കാനായി ആലുവ അദ്വൈതാശ്രമത്തില്‍ കാഞ്ചി ശങ്കരാചാര്യരുടെയും, പി മാധവജിയുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച പഠനശിബിരത്തിലും തുടര്‍ന്ന് വര്‍ക്കല ശിവഗിരി മഠത്തിലും, കോഴിക്കോട് ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിലും നടന്ന ശിബിരങ്ങളിലും ആചാര്യസ്ഥാനം വഹിച്ചു.

അഴകത്തിന്റെ ആത്മാര്‍ത്ഥമായ പിന്തുണ ഒന്നുകൊണ്ട് മാത്രമാണ് ബ്രാഹ്മണരില്‍ മാത്രം ഒതുങ്ങി നിന്ന പൂജാ, താന്ത്രിക സമ്പ്രദായങ്ങള്‍ പിന്നാക്കവിഭാഗങ്ങളില്‍പ്പെട്ട പൂജാരിമാരിലേക്ക് എത്തിയത്. അതിനുവേണ്ടി സ്ഥാപിക്കപ്പെട്ടാണ് ആലുവ തന്ത്രവിദ്യാ പീഠം. ജാതിയും ജാതിവിവേചനങ്ങളും ഉച്ചസ്ഥായിയിൽ നിന്ന കാലത്ത് അബ്രാഹ്മണ ജനസമൂഹത്തെ ശ്രീകോവിലുകള്‍ക്ക് അകത്തേക്ക്, ദൈവസന്നിധിയിലേക്ക് ആദരപൂര്‍വം ആനയിച്ച് കയറ്റിയിരുത്തിയ ആളാണ് അഴകത്ത് ശാസ്ത്രശർമ്മൻ നമ്പൂതിരിപ്പാട്. പ്രശസ്തമായ തന്ത്രി കുടുംബത്തില്‍ പിറന്ന്, അതിപ്രശസ്തരായ ഗുരുക്കളില്‍ നിന്ന് തന്ത്രം പഠിച്ച അഴകത്ത് പക്ഷേ, തന്റെ ജ്ഞാനം ജാതിഭേദമന്യേ പകര്‍ന്നു നല്‍കാന്‍ ഒരുമടിയും കാണിച്ചില്ല. വ്യക്തിജീവിതത്തിലും വീട്ടിലും ജാതിയെ അദ്ദേഹം പുറത്തുനിറുത്തി. ജന്മം അല്ല കർമ്മമാണ് ബ്രാഹ്‌മണ്യം എന്ന് സമൂഹത്തിന് പ്രവർത്തിച്ചു കാട്ടിക്കൊടുത്ത സാമൂഹ്യ പരിഷ്കർത്താവ് കൂടിയാണ് അദ്ദേഹം.

തന്ത്രവിദ്യാപീഠത്തില്‍ വിദ്യാര്‍ത്ഥി ആയിരിക്കെ വയനാട് കാണിയാംപാറ്റയില്‍ ഉള്ള അയ്യപ്പ ക്ഷേത്രത്തിന്റെ നവീകരണം നടത്തിയാണ് തുടക്കം. കേരളത്തിന് അകത്തും പുറത്തും നൂറു കണക്കിന് ക്ഷേത്രങ്ങളാണ് ആ മഹായജ്ഞത്തില്‍ ഉയര്‍ന്നുവന്നത്. 1988ല്‍ മാതാ അമൃതാനന്ദമയി ദേവിയുടെ ബ്രഹ്മസ്ഥാനക്ഷേത്രങ്ങളുടെ താന്ത്രിക രൂപകല്‍പ്പന ചെയ്തതും കൊടുങ്ങല്ലൂരില്‍ ആദ്യ ബ്രഹ്മസ്ഥാന പ്രതിഷ്ഠയുടെ താന്ത്രിക ചടങ്ങുകള്‍ നിര്‍വഹിച്ചതും അഴകത്ത് ശാസ്ത്രശർമ്മൻ നമ്പൂതിരിപ്പാട് ആയിരുന്നു . കൂടാതെ പൂനെയിലെ നിഗഡി ശ്രീകൃഷ്ണ മന്ദിര്‍, മുംബൈയില്‍ താനേ വര്‍ക്കത്ത്‌നഗര്‍ അയ്യപ്പ ക്ഷേത്രം, നേരുള്‍ അയ്യപ്പ ക്ഷേത്രം, ഗുജറാത്തിലെ ആംഗലേശ്വര്‍ അയ്യപ്പ ക്ഷേത്രം, ബറുച്ചിലെ അയ്യപ്പ, വിഷ്ണു മന്ദിര്‍, സേലം അയ്യപ്പ ക്ഷേത്രം, ബാംഗ്‌ളൂരിലെ അള്‍സൂര്‍ അയ്യപ്പ ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ നിര്‍വഹിച്ചു. കേരളം, ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിലെ 350ലധികം ക്ഷേത്രങ്ങളുടെ തന്ത്രിയാണ് താന്ത്രിക കുലപതി ബ്രഹ്മശ്രീ അഴകത്ത് ശാസ്ത്രശർമ്മൻ നമ്പുതിരിപ്പാട്‌ .

Know More >>