പരമശിവന്‍റെ കാട്ടാളരൂപമായ കിരാതമൂര്‍ത്തിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. കിരാതമൂര്‍ത്തിയുടെ അവതാരഭാവം മഹാഭാരതം ആരണ്യപര്‍വ്വത്തിലെ പാണ്ഡവ വനവാസവുമായി ബന്ധപ്പെട്ടതാണ്. ധര്‍മ്മയുദ്ധത്തില്‍ ജയിക്കാന്‍ ധനുര്‍ധരനും വില്ലാളിവീരനും ആയ അര്‍ജ്ജുനനു ആയുധവും ആള്‍ബലവും ഉണ്ടങ്കിലും ഞാന്‍ എന്ന ഭാവം ഉണ്ടായിരുന്നു. അഹന്ത മനസ്സില്‍ വാഴുമ്പോള്‍ പരാജയമാണ് ഫലം എന്ന് മാനവരാശിയെ പഠിപ്പിക്കാന്‍ ത്രുപുരാരി എടുത്തതാണ്. അഹന്താന്തകനായ കിരാതമൂര്‍ത്തിഭാവം. പടിഞ്ഞാറു ദര്‍ശനമായാണ് ആണ് ഈ ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ. കിരാതമൂര്‍ത്തിക്ക് മുന്‍പില്‍ കുമ്പിട്ടു വന്ദിച്ചു അദ്ദേഹത്തിന്‍റെ വാഹനവും സന്തതസഹചാരിയും ആയ നന്ദികേശ്വരനും നില കൊള്ളുന്നു. കൂവളമാല, ധാര എന്നിവയാണ് ഭഗവാന്‍റെ ഇഷ്ട വഴിപാടുകള്‍. ശിവരാത്രിയാണ് പ്രധാന ഉത്സവം.
ഇത് കൂടാതെ ക്ഷേത്രമതില്‍കെട്ടിനു അടുത്ത് കിഴക്കു ദര്‍ശനമായി പ്രത്യേക നാലമ്പലത്തോടു കൂടെ, ഭക്തവല്‍സലനായ ശ്രീമഹാവിഷ്ണു പ്രതിഷ്ഠയും ചേരുന്നതാണ് മുതുകുറുശ്ശി ശ്രീകിരാതമൂര്‍ത്തി മഹാവിഷ്ണു ക്ഷേത്രം. മനുഷ്യന്‍റെ ഗ്രാഹ്യത്തിനും എല്ലാ ഗുണങ്ങള്‍ക്കും അതീതമായി പ്രപഞ്ചത്തിന്‍റെ സമ്പൂര്‍ണ്ണ സംരക്ഷകനായും ബ്രഹ്മത്തിന്‍റെ സമ്പൂര്‍ണ്ണ സങ്കല്‍പ്പമായും മഹാവിഷ്ണു അറിയപ്പെടുന്നു. എല്ലാ ഭൗതിക പ്രപഞ്ചങ്ങളിലെയും എല്ലാ ജീവജാലങ്ങളുടെയും ജീവാത്മായ പരമാത്മാവാണ് മഹാവിഷ്ണു എന്നാണ് സങ്കല്‍പ്പം ..
മഹാഗണപതി
ഈ ക്ഷേത്രത്തിലെ ഉപദേവതയായ,
ഭൂതഗണാധിപൻ , വിഘ്നഹര്‍ത്താവായ
ശ്രീ മഹാഗണപതിയെ നാലമ്പലത്തിനകത്തു തെക്കുവശത്തു ചൈവത്ര മണ്ഡപത്തില്‍ കിഴക്കു ദര്‍ശനമായി പ്രതിഷ്ഠിച്ചിരിക്കുന്നു. ഗണപതിഹോമവും ഒറ്റയപ്പവും വിഘ്നേശ്വര പ്രീതിക്കായി പ്രധാനമാണ്.
ശ്രീപാര്‍വതി
ശ്രീകോവിലില്‍ കിരാതമൂര്‍ത്തിയുടെ പിറകുവശത്ത് കിഴക്കു ദര്‍ശനമായി പാര്‍വ്വതിദേവിയുടെ പ്രതിഷ്ഠയുമുണ്ട്.
പ്രകൃതിയുടെ കൂടെ ശക്തിയും ഉണ്ടാവും. പ്രകൃതി എന്ന പുരുഷന്‍ പരമശിവനും ശക്തി എന്ന സ്ത്രീ - പാര്‍വ്വതിദേവിയും
പരസ്പര പൂരകങ്ങളാണ് എന്ന തത്വത്തെ ഇത് വ്യക്തമാക്കുന്നു. പിന്‍വിളക്ക് എന്ന വഴിപാട് ശക്തി സ്വരൂപിണിയായ
പാര്‍വ്വതിദേവിക്ക് അര്‍പ്പിക്കാവുന്നതാണ്.
ശ്രീദുര്‍ഗ്ഗ
നാലമ്പലത്തിനു വെളിയില്‍ വടക്കു കിഴക്കു ഭാഗത്തു പടിഞ്ഞാറു ദര്‍ശനമായി ബ്രഹ്മവിഷ്ണുമഹേശ്വരന്മാരുടെ ചൈതന്യത്തില്‍ നിന്നും
അവതരിച്ച ദുര്‍ഗ്ഗാദേവി ദര്‍ശനം നല്‍കുന്നു. രക്തപുഷ്പാഞ്ജലിയും കടുംമധുരപായസവും പ്രത്യേക വഴിപാടുകള്‍ ആണ്.
ശ്രീഭദ്രകാളി
അതിന് തൊട്ടടുത്തു തന്നെ തിന്മയുടെ മേല്‍ നന്മയുടെ വിജയപ്രതീകമായ അജ്ഞതയെ ഇല്ലാതാക്കി ജ്ഞാനം ചൊരിഞ്ഞ് പ്രപഞ്ചത്തെ
പരിപാലിക്കാനായി ഭദ്രത അഥവാ സുരക്ഷ നല്‍കുന്ന മാതാവായി ശ്രീഭദ്രകാളിയും അമരുന്നു. ക്ഷിപ്രപ്രസാദിയും ഇഷ്ട വരദായിനിയുമായ
ഭദ്രകാളി ഭയം, ശത്രുപീഡ, രോഗം, ദാരിദ്ര്യം, പ്രകൃതിദുരന്തം പോലെയുള്ള ആപത്തുകളില്‍ നിന്നും ഭക്തരെ രക്ഷിക്കുന്നു. ദേവീമാഹാത്മ്യപ്രകാരം
ആദിയില്‍ ആദിപരാശക്തിയായ മഹാലക്ഷ്മിയില്‍ നിന്നാണ് മനോഹരമായ കറുത്ത വര്‍ണ്ണത്തോടുകൂടിയ ഭദ്രകാളി അഥവാ മഹാകാളി അവതരിക്കുന്നത്
എന്നാണ് ഐതിഹ്യം .
ശ്രീഅയ്യപ്പന്‍
ക്ഷേത്രത്തില്‍ തെക്കുഭാഗത്ത് കിഴക്കു ദര്‍ശനമായി അയ്യപ്പ പ്രതിഷ്ഠയുമുണ്ട്. പരമശിവനു വിഷ്ണുമായയില്‍ ജനിച്ച
പുത്രനാണ് ശ്രീ അയ്യപ്പന്‍. മണ്ഡലകാലം മുഴുവനും ഇവിടെ വിശേഷാല്‍ പൂജകള്‍ നടക്കുന്നു. നാടിന്‍റെ എല്ലാ ഭാഗത്തു നിന്നും
മാലയിടാനും കെട്ടുനിറക്കാനും ഭക്തര്‍ ഇവിടെ എത്തുന്നു. നീരാഞ്ജനം വഴിപാട് അയ്യപ്പപ്രീതിക്ക് വിശേഷപ്പെട്ടതാണ്.
നാഗങ്ങള്‍, ബ്രഹ്മരക്ഷസ്സ്
കൂടാതെ ക്ഷേത്രമതിലകത്ത് തെക്കുപടിഞ്ഞാറു ഭാഗത്ത് കിഴക്കു ദര്‍ശനമായി നാഗദേവത, ബ്രഹ്മരക്ഷസ്സ് പ്രതിഷ്ഠയുമുണ്ട്; മാറാവ്യാധികള്‍,
ശമനം വരാത്ത അസുഖങ്ങള്‍, സന്താനദുരിതം, അകാലമൃതൃു, ബന്ധുജന കലഹം എന്നിവയില്‍ നിന്നും മോചനം ലഭിക്കുവാന്‍, കുടുംബ
ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകുവാന്‍ എല്ലാം നാഗദേവതകളെ പൂജിക്കുന്നത് ഉത്തമമാണ്. നാഗദേവതമാര്‍ ശക്തിയുടെയും സത്യത്തിന്‍റ്റെയും പ്രതീകമാണ്.
കന്നിമാസത്തിലെ ആയില്യപൂജ ഇവിടെ വളരെ വിശേഷപ്പെട്ടതാണ്. മറ്റൊരു ഉപദേവതയായ ബ്രഹ്മരക്ഷസ്സിനെ
പ്രീതിപ്പെടുത്തുന്നവര്‍ക്ക് ധാരാളം സമ്പത്തും അഭിവൃദ്ധിയും ലഭിക്കും .
Shree KIRATHAMOORTHY SREE MAHAVISHNU TEMPLE
Developed by PROACT Management. All rights reserved.